അമ്മ ❣

“പണ്ട് പണ്ട്.. ഒരിടത്ത്…ഒരിടത്ത്… ഒരു… വലിയ കാടുണ്ടായിരുന്നു ” “ഇത് തന്നെയല്ലേ അമ്മ ദിവസോം പറയുന്നേ…. ഇന്ന് പുതിയൊന്ന് പറഞ്ഞ് താ”

“നിനക്കേ വയസ്സ് നാലല്ല, അടുത്ത കൊല്ലം കോളേജിലായി.. ഇപ്പോം കുട്ടിക്കളി മാറീട്ടില്ല….. കഥ കേൾക്കാൻ പറ്റിയ ഒരു പ്രായം … വേഗം കിടന്നുറങ്ങാൻ നോക്ക് ”

“അമ്മേ… ”

“ദേ… ദേ… ചിണുങ്ങുന്ന നോക്ക്യേ ”

അല്ലേലും, അതങ്ങനയാ .. അമ്മയെ കാണുമ്പോ ഉളളിൽ ഉറങ്ങി കിടക്കുന്ന ആ നാല് വയസ്സുകാരി അങ്ങ് ഉണരും. വയസ്സ് കൂടുമ്പോ ഗൗരവ്വവും കൃത്യമത്വവുമല്ലേ കൂടുന്നേ എൽ കെ ജിക്കാരീടെ നിഷ്ക്കളങ്കതയോടെ പെരുമാറാൻ അമ്മയുടെ അടുത്തല്ലേ സാധിക്കൂ.

ഞാൻ പലപ്പോഴും ഇത്തിരി അഹങ്കാരത്തോടെ ചിന്തിച്ചിട്ടുണ്ട് എനിക്ക് മാത്രേ ലോകത്തിൽ ഇത് പോലൊരമ്മയെ കിട്ടിയിട്ടുള്ളൂവെന്ന്! ഞാൻ എഴുതിക്കൂട്ടുന്ന ഭ്രാന്തുകളുടെ ആദ്യ വായനക്കാരിയും ,എന്റെ പ്രസംഗങ്ങളുടെ ആദ്യ ശ്രോതാവും, എല്ലാം അമ്മയാണ്. ഒരിക്കൽ പോലും തന്റെ സ്വപ്നങ്ങളെന്നിൽ തുന്നിചേർക്കാൻ ശ്രമിച്ചതേയില്ല.മറിച്ച് എന്റെ ചിറകുകൾക്ക് വർണ്ണങ്ങൾ നൽകി കൊണ്ടേയിരുന്നു.

പരീക്ഷാ ചൂടുള്ള രാത്രികളിൽ നക്ഷത്രങ്ങളുറങ്ങുവോളം എനിക്ക് കൂട്ടിരിക്കുവാനും ,മുടങ്ങാതെ മൈഗ്രേ നിന്റെ രൂപത്തിലെത്തുന്ന വേദനകളെ ഒരു തലോടലിൽ ഇല്ലാതാക്കുവാനും, നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോൾ മാറി നിന്ന് കണ്ണീരണിയുവാനും, ആകാശമാണ് പരിധി എന്നവർ അഭിനന്ദിക്കുമ്പോൾ അവൾ ചിറക് വിരിച്ച് പറക്കട്ടെ ആകാശവും അവൾക്ക് താഴേ മതിയെന്ന് പറയുവാനും ഒരാൾക്കേ സാധിക്കൂ…. ഒരാൾക്ക് മാത്രം.

എന്റെ ആശയങ്ങളും അഭിപ്രായങ്ങളും ഒരിക്കലും അരുതെന്ന് പറഞ്ഞ് തടഞ്ഞ് നിർത്തിയിട്ടേയില്ല. ശക്തമായ മനസ്സ് എന്നിലുണ്ടാക്കിയെടുക്കാനും തളർന്ന് പോവാത്ത മനോവീര്യം കാത്ത് സൂക്ഷിക്കാനും മാത്രമാണ് അമ്മശ്രമിച്ചത്. എങ്ങനെ തകരുമമ്മേ ഞാൻ? ഉൾക്കരുത്തിന്റെ കാതാലായി എനിക്ക് മുന്നിൽ അമ്മയുള്ളപ്പോൾ!

നിന്റെ യാത്രകളവസാനിക്കുന്നില്ലെന്നും പരിധികളുടെ ചട്ടക്കൂടുകൾ നിനക്ക് തടസ്സമാവുകയില്ലെന്നും അമ്മ ഓർമ്മിപ്പിച്ച് കൊണ്ടേ യിരുന്നു. എന്നും ചിരിച്ച് കൊണ്ട് മാത്രം കാണുന്ന അമ്മയുടെ മുഖത്തൊരൽപ്പം ആധി പടർന്ന് കാണുന്നത് എന്റെ മൽസരവേദികൾക്ക് പുറകിലാണ്. ഫലങ്ങളെ കുറിച്ചമ്മ ഭയപ്പെട്ടതേയില്ല കഴിവിന്റെ പരമാവധി ചെയ്യണമെന്ന് മാത്രമേ അമ്മക്കുള്ളൂ.

“സനീ… നിനക്ക് ഒരു പെണ്ണേ ഉളളൂവല്ലേ ?” ഇത്തരം സഹാതപം പിടിച്ച ചോദ്യങ്ങൾ മിക്കപ്പോഴും കേട്ടിട്ടുണ്ട്. നിറഞ്ഞ മുഖത്തോടെ “ആ… ഓളാന്നെന്റെ ശക്തി ” യെന്ന് അമ്മ പറയുമ്പോൾ തീർച്ചയായും വിചാരിച്ചിട്ടുണ്ട് “ഇനീം… ഇനീം കുറേ ജന്മം ഈ അമ്മയുടെ മോളായിട്ട് തന്നെ ജനിക്കണം” എന്ന് .

പച്ചയായ പകർത്തലുകൾ മാത്രമാണിത്. അമ്മ എന്നത് നിർവചനാതീതമായി നിൽക്കുന്നത് അത് അനുഭവിച്ചറിയേണ്ട സത്യമായത് കൊണ്ടാണ്.

ഒരു പാട് സ്നേഹത്തോടെ അമ്മക്ക് വേണ്ടി ഇത്ര കൂടി കുറിക്കുന്നു.

” അവളോളം വലുതല്ലെനിക്കൊരകാശവും

അവളോളം ചെറുതാണെനിക്കീ ലോകവും ”

Celebrating woman hood💚

Happy woman’s day!

Advertisements

ജൈവ വൈവിദ്ധ്യ കോൺഗ്രസ്സ് – ഒരു ഓർമ്മപെടുത്തൽ

തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ വച്ച് പ്രഥമ കേരള സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസ്സ് നടക്കുന്നു എന്ന് അറിഞ്ഞത് മുതൽ തീരുമാനിച്ചതാണ് എന്തായാലും പങ്കെടുക്കണമെന്ന്.

എന്നെ സംബന്ധിച്ചിടുത്തോളം ജൈവ വൈവിധ്യ കോൺഗ്രസ്സ് തീർത്തും വേറിട്ട അനുഭവമായിരുന്നു. കലർപ്പില്ലാത്ത പ്രകൃതി സൗന്ദര്യത്തിനേറെയും, മായം കലർന്നിട്ടില്ലാത്ത പോയ കാലത്തിന്റെ നന്മയുടെയും നേർസാക്ഷ്യമായിരുന്നു ബ്രണ്ണന്റെ മണ്ണിൽ ഒരുങ്ങിയത്.

ഏറ്റവും ആകർഷണീയമായി തോന്നിയത് ‘വടക്കൻ വയൽ പെരുമ’ എന്ന സ്റ്റാൾ ആയിരുന്നു.G.F.H.S.S Bekal ലെ Botany അദ്ധ്യാപകനായ ജയപ്രകാശ് സാറും സംഘവും ചേർന്നാണ് ഒരു നാടിന്റെ വിലപ്പെട്ട പൈതൃക സമ്പത്ത് വടക്കൻ വയൽ പെരുമയിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നത്. ഞാനടക്കമുളള പുതുതലമുറ കേൾക്കാൻ കൂടെ ഇടയില്ലാത്ത നാട്ടറിവുകളുടെ അപൂർവ്വ ശേഖരമാണ് ഇതിൽ ഒരുക്കിയിരുന്നത്. വെള്ളം തൂവാൻ ഉപയോഗിക്കുന്ന മുക്കാലി, കണ്ണാടി ഉറി, ഒറ്റൽ തുടങ്ങി ആദ്യകാല ‘ടെക്നോളജി ക ളും’ പ്രദർശനത്തിനുണ്ടായിരുന്നു. അത്യാധുനികതയുടെ നടുവിൽ നിന്ന് കൊണ്ട് കാണുമ്പോഴും ഇവയുടെ നിർമ്മാണ വൈദഗ്ദ്ധ്യം എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. പശുവിനെ വിഷുക്കണി കാണിക്കുമായിരുന്ന ഉറുമ്പുകൾക്കും ഓണമുണ്ടായിരുന്ന ആ ‘പഴയ ‘ കാലത്തിന്റെ സഹജീവി സ്നേഹത്തെ കുറിച്ച് ജയപ്രകാശ് സർ വാതോരാതെ സംസാരിക്കുമ്പോൾ ആശ്ചര്യത്തോടെ കാതുകൾ കൂർപ്പിച്ച് കേട്ട് നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ!

നാട്ടു നന്മയുടേയും, കാടറിവുകളുടേയും, കടലിനടിയിലെ വലിയ ലോകത്തിനേറയുമൊക്കെയായി നിരവധി സ്റ്റാളുകൾ പ്രദർശനത്തിനായി എത്തിയിരുന്നു.

മൂന്നാം നാൾ നടന്ന മീറ്റ് ദ സൈന്റിസ്റ്റ് പ്രോഗ്രാമായിരുന്നു ജൈവ വൈവിധ്യ കോൺഗ്രസ്സിന്റെ ആവേശകരമായ സെഷൻ . മനുഷ്യ കേന്ദ്രിതമായ പ്രകൃതി ബോധമല്ല മറിച്ച് മരങ്ങൾക്കും മനുഷ്യനും വേരുകൾ മണ്ണിലാണെന്നു തിരിച്ചറിവാണവശ്യം എന്ന് പറഞ്ഞ Dr. വി.എസ്. വിജയൻ സർ, പ്രളയം നൽകിയ പാഠമുൾക്കൊണ്ട് പരിസ്ഥിതി സൗഹൃദമായ വികസനത്തിലൂടെയേ മാനവരാശിയുടെ നിലനിൽപ്പ് സാദ്ധ്യമാകൂ എന്ന് പറഞ്ഞ പ്രൊഫ: ഈ കുഞ്ഞികൃഷ്ണൻ സർ എന്നിവരിൽ തുടങ്ങി തേനീച്ചയെ കുറിച്ച് പഠിക്കാൻ കാരണമെന്താണെന്ന ചോദ്യത്തിന് ” ആദ്യ കുത്തിന്റെ മധുരം ” എന്ന് നിഷ്കളങ്കമായ ചിരിയോട് കൂടി ഉത്തരമേകിയ 13 വയസ്സുകാരി ഒലി അമാൻ ജോദ വരെ നീളുന്നതായിരുന്നു ശാസ്ത്രജ്ഞരുടെ നിര.

സ്കൂളിലെ സാമ്പ്രദായിക പഠന രീതി ഉപേക്ഷിച്ച് പൂർണ്ണമായി പ്രകൃതിയിലർപ്പിച്ച് ജീവിക്കുന്ന ഒലി തീർത്തുമൊരു വിസ്മയമായിരുന്നു!

കാവുകളെ കുറിച്ച് നടന്ന ചർച്ചയായിരുന്നു മറ്റൊരു സവിശേഷത. പാരിസ്ഥിതിക ദുരന്തങ്ങൾ കൊണ്ട് അഭിശപ്തമായിരിക്കുന്ന ഇക്കാലത്തും വിശ്വാസ പൂർവ്വം സംരക്ഷിക്കപ്പെട്ടിരിക്കുന്ന വനങ്ങളാണ് കാവുകൾ.

നമുക്കുപയോഗമില്ലാത്തതിനൊന്നും നിലനിൽക്കാൻ അവകാശമില്ല എന്ന നരന്റെ ശാഠ്യത്തിൽ നിന്നാണ് ഭൂമിയുടെ പ്രതിസന്ധികളൊക്കെ ആരംഭിക്കുന്നത്. വൈവിധ്യങ്ങളെ ആദരിക്കാനല്ല, ഒഴിവാക്കാനാണ് പിന്നെ ശ്രമം. ഒരു തോട്ടം രൂപപ്പെടുത്തുമ്പോൾ നാം അതാണ് ചെയ്യുന്നത്. എല്ലാം ഒരുമിച്ച് വളരുന്ന, പാമ്പിനും പറവക്കും ഇടം കൊടുക്കുന്ന ഇടങ്ങളാണ് നമ്മുക്ക് വേണ്ടത്.

ഭൂമി നമ്മുടേതല്ല – നാം ഭൂമിയുടേതാണ് എന്ന് ഓർമ്മപ്പെടുത്തി കൊണ്ടാണ് ജൈവവൈവിധ്യ കോൺഗ്രസ് സമാപിച്ചത്.

അശ്വിനി ശ്രീജിത്ത്

Insomniac Diary.

ഇതൊരു ലേഖനമല്ല. കവിതയോ കഥയോ അല്ല .
മനസ്സിൽ നിന്ന് അപ്പാടെ പകർത്തുന്നു. ഭ്രാന്തിന്റെ അങ്ങേയറ്റത്ത് നിന്ന് വേർതിരിച്ചെടുക്കാൻ സാദ്ധ്യമല്ലാത്ത ഒന്ന്.

തകർന്ന് പോയെന്നും, നഷ്ടങ്ങളുടെ നീണ്ട നിര വീണ്ടും വീണ്ടും കൂടുന്നുവെന്നും ഒരിക്കല്ലെങ്കിലും തോന്നാത്തവരല്ല നമ്മൾ…
ചില നേരങ്ങളിൽ ഇന്നും ഞാൻ അമ്മയെ കെട്ടി പിടിച്ച് കരയാറുള്ള ആ പഴയ 2 വയസ്സുകരിയായി മാറാറുണ്ട്. അത്രമേൽ വീർപ്പ് മുട്ടുമ്പോൾ ഇന്നു മാ മടിയിൽ കിടന്ന് പൊട്ടി കരയാറുണ്ട് !
തളർന്ന് പോവുമ്പോൾ, നെഞ്ചിൽ നിനവ് പടർന്ന് കയറുമ്പോൾ – വീണു പോയേക്കാം എന്ന് തോന്നിയിട്ടുണ്ട്. നേട്ടങ്ങളേക്കാൾ നഷ്ടങ്ങളെ ഓർക്കുക എന്നത് മനുഷ്യസഹജമാണല്ലോ…

വൈകുവോളം ഉറക്കം കളഞ്ഞിരിക്കുന്നതെന്തിനാണെന്ന് പലരും ചോദിച്ചിട്ടുണ്ട്…. ഇരുട്ടിനെ അത്രമാത്രം ഇഷ്ടമായത് കൊണ്ടാണെന്ന് മാത്രമേ ഉത്തരം നൽകാറുളളൂ… പക്ഷെ അതിനുമപ്പുറം ഞാൻ പറയാതെ പറഞ്ഞുവച്ച വയുണ്ട്. എന്നുമിരുട്ട് ദു:ഖത്തിന്റെ പ്രതീകമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളൂ.പക്ഷെ എനിക്ക് ഇരുട്ടെന്നും ഊർജമായിരുന്നു ,വരികളിലൂടെ പെയ്തിറങ്ങുന്നതും, പരാജിതയുടെ മൂർദ്ധന്യഭാവത്തിൽ വിസ്ഫോടനമുണ്ടാക്കി പുതിയൊരെന്നെ സൃഷ്ടിച്ചതും ഇരുട്ടായിരുന്നു.
ഒരു പാട് പ്രയത്നങ്ങൾ, രാത്രി കാലവായനകൾ എല്ലാം ഇരുട്ടിനെ കൂട്ട് പിടിച്ചായിരുന്നു…
ചിറകുകളിൽ നിന്ന് തൂവലുകൾ കൊഴിഞ്ഞ് പോകുന്നുവെന്നും, കൈകളിൽ നിന്ന് ശക്തി ചോർന്ന് പോകുന്നുവെന്നും, കാലുകൾ ഇഴയുകയാണെന്നും പലവട്ടം തോന്നിയിട്ടുണ്ട്. പക്ഷെ പിടിച്ച് നിന്നിട്ടുമുണ്ട്. പ്രതീക്ഷയുടെ അവസാന കണികയിൽ അമിത വിശ്വാസമറപ്പിച്ചെങ്കിലും.. പിടിച്ച് നിന്നിട്ടുണ്ട്. വായിച്ച മാത്രയിൽ മനസ്സിൽ പതിഞ്ഞ ചില വരികൾ സഹായത്തിനെത്താറുണ്ട് ചിലപ്പോൾ – പൗലോ കൊയ് ലോ കുറിച്ചിട്ട പോലെ തീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ അത് നേടാനുള്ള വഴിയൊരുക്കും.
“ഹൃദയമൂറ്റി ഉള്ളൊക്കെ കലങ്ങിയെങ്കിലും ,പാതി ജീവൻ അകന്ന് പോയെങ്കിലും പേര് പുഴയെന്നല്ലേ, ഒഴുകാം.. ” ആഴത്തിൽ തൊട്ടുണർത്തുന്ന വരികളിലൂടെ പിടിച്ച് നിൽക്കാറുണ്ട് വിധിയുടെ കൽപടുകളോട്.
കഠിന പ്രയത്നങ്ങൾ വിഫല ശ്രമങ്ങൾ ആവുമ്പോൾ രക്തം പോലും നോവെടുത്താർക്കാറുണ്ട് ഊർജമേകുന്ന ഒരു ചെറു കണികയെങ്കിലും എവിടെയെങ്കിലും അവശേഷിച്ചിരിക്കും….
ഞാനെന്നും ഇരുട്ടിലേക്കോടി ചെല്ലും പോല…. നമ്മെ വീണ്ടും നമ്മളാക്കുന്ന ചിലതെങ്കിലും അവശേഷിച്ചിരിക്കും…💙

-Aswini Sreejith

#Random_thoughts #Sleeplessness #Insomniac_Thoughts #Hardships #Failures #PauloCoelho #Phoenix #RisingUp #Randomness #Darkness #DarkLove #Melancholy #MoodSwing

🍂

അവൾ

ഒളിഞ്ഞ് നോട്ടങ്ങളിൽ

കൂർത്ത ചിരികളിൽ

വഴുവഴുപ്പ് വരിഞ്ഞ് മുറുകുമ്പോൾ

ഹാഷ് ടാഗുകളിൽ ചീഞ്ഞളിയുന്നവ

“ദൈവം നിങ്ങൾക്കുള്ളതല്ല ”

അങ്ങകലെയൊരു താഴ്വരയിലൊരു വയലറ്റ് പൂവ് …

ചവർപ്പ്

കൽപിച്ച് നൽകപ്പെട്ട അശുദ്ധികൾ

പരിധികളുടെ മുനയമ്പുകൾ

നെഞ്ചിൽ പ്രതിഷേധ ചവർപ്പ്.

“മനുസ്മൃതിയുടെ കാലമെന്നോ കഴിഞ്ഞ് പോയില്ലേ ?”

” ഫെമിനിച്ചി – അടക്കമില്ലാത്തവൾ ”

Aswini Sreejith

This too Happens in India

ഇന്ന് രാവിലെ എന്റെ ക്ലാസദ്ധാപകനാണ് ഈ വാർത്ത ശ്രദ്ധയിൽ പെടുത്തിയത്.
അതെ, ഇതും ഇന്ത്യയാണ്… ദിനംപ്രതി വികസന ലക്ഷ്യങ്ങളിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന അതേ ഇന്ത്യ!
ഒരു റൊട്ടി കഷ്ണത്തിനു വേണ്ടി മാത്രം തോട്ടി പണിയെടുക്കുന്നവരുടെ ഇന്ത്യ…
പരമ്പരാഗതമായി ഈ ജോലിയിൽ ഏർപ്പെട്ടവരാണിവർ.
കഴിഞ്ഞ 60 വർഷമായി ഉവരുടെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ മനുഷ്യവിസർജജ്യം നീക്കം ചെയ്തുകൊണ്ടാണ്.
ഇവരും മനുഷ്യരാണ്….. കണ്ണില്ലാത്തത് കൊണ്ടല്ല നാം ഇത് കാണാതെ പോകുന്നത്. ഇരുണ്ട കാലത്തിന്റെ ചങ്ങലകൾ ഭേദിച്ച് നവോത്ഥാന മൂല്യങ്ങൾ ഒരു പാട് നേടിയെടുത്ത നാടാണ് ഭാരതം. എന്നിട്ടും പ്രാകൃതമായ ഈ വ്യവസ്ഥിയെ വേരോടെ പിഴുതെറിയുവാൻ നമ്മുക്ക് എന്ത് കൊണ്ട് സാധിച്ചില്ല ? കൊടീയ ജാതീയമായ വിവേചനവും ഈ മേഖലയിൽ നിലനിൽക്കുന്നു എന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു….
സാംസ്ക്കാരികമായും സാമൂഹികമായും വീണ്ടും അധ:പതിക്കുകയാണോ ഇന്ത്യ?
ഒത്തിരി സങ്കടത്തോടെയാണ് ഇതിവിടെ കുറിക്കുന്നത്…
നാളെ ഭാരതം മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാനിരിക്കെ….
ഒന്നു മാത്രം പറഞ്ഞ് കൊണ്ട് ഞാൻ നിർത്തട്ടെ …..

ബാക്കി ആ വരികൾ പറയും….

“It has always been a mystery to me how men can feel themselves honoured by the humiliation of fellow beings”
— Mahatma Gandhi

#Swachh_Bharath #Eradicate_Manual_Scavenging

#ThisTooHappensInIndia

വരികൾക്കിടയിൽ….

ചില്ലകൾക്ക് പകരം ,
ഓർമ്മകൾ വേരുകളാവുന്നിടം
ശാന്തതയുടെ പുലരികളിലും
വന്യമായ അന്ധകാരം പടരുന്നിടം
അലൗകിക സംഗീതത്തിന്റെ പ്രതിധ്വനികൾ ഏകാന്തതയിൽ അലിഞ്ഞ് ചേരുന്നിടം
ആകാശത്തിന്റെ അനന്തതയിൽ
അനാഥമാക്കപ്പെട്ട ആത്മാവ്
ഉയിർക്കുന്ന നാദമായിരുന്നു
ചിന്തകൾക്ക് പലപ്പോഴും…
സിറിയൻ ബാല്ല്യങ്ങളുടെ
നോവുണ്ടായിരുന്നതിൽ
ശിഥിലമാക്കപ്പെട്ട പെൺ ജന്മങ്ങളുടെ നോമ്പരമുണ്ടായിരുന്നതിൽ
പട്ടിണി കാർന്നെടുത്ത ജനഥയുടെ തേങ്ങലുണ്ടായിരുന്നതിൽ
കാപട്യത്തെ നശിപ്പിക്കാൻ പോരുന്ന
അഗ്നിയുണ്ടായിരുന്നതിൽ..
വസന്തത്തിന്റെ നിറങ്ങളല്ല;
ശൈത്യത്തിന്റെ കാഠിന്യവും
ശിശിരത്തിലെ പൂക്കളുടെസുഗന്ധവുമായിരുന്നെന്റെ ചിന്തകൾക്ക്
എങ്കിലും,
കവിതയായി പെയ്തിറങ്ങിയതും
നിനവായ് പെയ്തൊഴിഞ്ഞതും,
ചിന്തകളായിരുന്നു
അജ്ഞതയുടെ പുതിയ തീരങ്ങളിൽ
അനുഭവങ്ങളുടെ പരീക്ഷണശാലയിൽ
അവ വീണ്ടും പൂക്കുന്നു
കവിത്വത്തിന് ലഹരിയായി വീണ്ടും പെയ്തിറങ്ങുന്നു…

അശ്വിനി ശ്രീജിത്ത്

ഒരു ഓർമ്മപ്പെടുത്തൽ

ലോക മനസാക്ഷിയെ മരവിപ്പിച്ച് കൊണ്ട് യുദ്ധ കൊതിയുടെ തീ നാളങ്ങൾ ഹിരോഷിമയെ വിഴുങ്ങിയിട്ട് ഇന്നേക്ക് 73 വർഷങ്ങൾ…

ഒരു നിമിഷം കൊണ്ട് ഒരു ജനതയെ ഇല്ലാതാക്കിയ സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് 1945 ആഗസ്റ്റ് 6) o തീയതി വിശ്വമാനവികത സാക്ഷ്യം വഹിച്ചത്. ആ ഞെട്ടലിൽ നിന്ന് മുക്തമാകുന്നതിന് മുന്നേ തന്നെ, 9 ) o തീയതി നാഗസാക്കിയിൽ ബോംബ് വർഷിക്കപ്പെട്ടു. കാത് തുളയ്ക്കുന്ന ശബ്ദത്തോടെ അഗ്നി ഗോളങ്ങൾ ആകാശത്ത് പടർന്നപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയും മുൻപേ ജീവനോടെ കത്തിയെരിഞ്ഞമർന്നു പോയവർ, ഹിബാക്കുഷകൾ – അഥവാ ഹിരോഷിമ – നാഗസാക്കി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകൾ… ഒരോ ഹിരോഷിമാ ദിനങ്ങളും ഓർമ്മപെടുത്തലുകളായി കടന്ന് പോകുന്നു…. ചരിത്രം ആവർത്തിച്ച് കൂടാ , ഇനിയൊരു മഹാ ദുരന്തത്തിന് മുന്നിൽ കണ്ണീര് പൊഴിക്കാൻ നമ്മുക്ക് ഇടവരരുത്. ആണവായുധങ്ങളുടെ തത്ത്വശാസ്ത്രം കൈവെടിയാൻ ഉറക്കെ ഉറക്കെ നാം ശബ്ദിക്കേണ്ടിയിരിക്കുന്നു.

കെട്ട കാലത്ത് കണ്ണീരു വാർക്കുമ്പോഴും ഉൾക്കരുത്തിന്റെ കാതലായി ജപ്പാൻ തിരിച്ച് വന്നു. ആണു വായുധങ്ങൾക്ക് തകർക്കാൻ കഴിയാത്ത ശക്തി തങ്ങളിലുണ്ടെന്ന് അവർ ലോകത്തിന് കാട്ടി കൊടുത്തു. 2 മഹാദുരന്തങ്ങൾ തകർത്തെറിഞ്ഞ ജപ്പാന്റെ മണ്ണ് തളർന്നില്ല. നീറുന്ന ഓർമ്മകളിൽ നിന്നു മവർ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു….

വീണ്ടും ഒരു ഓർമ്മപെടുത്തലായി ഈ ദിനം കടന്ന് പോകുമ്പോഴും ചക്രവാളങ്ങളിൽ അശാന്തിയുടെ നിഴൽ പരക്കുന്നത് കാണാം….. മാനവികതയുടെ നെഞ്ചിൽ ഇനിയൊരു മുറിവ് ഏൽക്കരുത്. സഡാക്കോയുടെ പേപ്പർ കൊക്കുകൾ നമ്മളോട് പറയുന്നത് സമാധാനത്തിന്റെ ചിറകുകളിലേറാനാണ്….

■Aswini Kottayodan

മഴ!

മഴയ്ക്ക് പറയാനുണ്ടായിരുന്നത് കൊഴിഞ്ഞ് പോയ വസന്തത്തിന്റെ കഥകളായിരുന്നു

ഈറനണിഞ്ഞ മേഘങ്ങളുടെ നഷ്ടസ്വപ്നങ്ങളിലൂടെ പെയ്തിറങ്ങി അവൾ അവ്യക്തമായി അവയെല്ലാം വരച്ചിട്ടു……..

ഉതിർന്നു വീണ പൂവുകളിൽ അവൾ കവിതകളെഴുതി………

കാൽ ചിലമ്പുകളിൽ ഓർമ്മളൊളുപ്പിച്ച് കൈവിരലുകളിൽ സ്വപ്നങ്ങളൊതൊക്കി ചിറകുണ്ടായിരുന്നിട്ടും പറക്കാതിരുന്ന,വൾ…

അല്ല, പറയുവാന്നുണ്ടേറിനിയും പറയാതെ പറഞ്ഞു വച്ച കഥകൾ…. ചിറകിനടിയിൽ ഇന്ദ്രജാലമൊരുക്കി മറവിയിൽ മാഞ്ഞു പോയവയെ തൊട്ടുണർത്തിയത് അവളായിരുന്നു… വരണ്ട് പോയ വയ്ക്ക് ജീവനേകിയതും;പുതു നിറം ചാർത്തിയതും അവളായിരുന്നു

മഴയായിരുന്നിട്ടും കാനലായെരിഞ്ഞ് സൂര്യനെ ജയിച്ചവളാണവൾ …..

അവൾക്ക് പറയാനുണ്ടായിരുന്നതിൽ കൊഴിഞ്ഞുപോയവ മാത്രമായിരുന്നില്ല, അവളിലൂടെ ‘പെയ്തിറങ്ങിയ ‘ വസന്തത്തിന്റെ കഥകളുമുണ്ടായിരുന്നു….

© അശ്വിനി കൊട്ടയോടൻ

 

 


 

അധാർമികതയുടെ ചക്രവ്യൂഹം…..

പുതിയ അദ്ധ്യയന വർഷത്തിന്റെ തിരക്കുകളിൽ അകപ്പെട്ടപ്പോൾ കുറച്ച് കാലം പോസ്റ്റുകളൊന്നും ഇടാൻ സാധിക്കാതെ വന്നു… എന്നാൽ വാക്കുകൾ പ്രതിരോധവും , പ്രതികരണവുമാവുന്ന കാലഘട്ടത്തിൽ വഴിയിലെവിടെയെങ്കിലും എഴുത്തിനെ മറന്നു വെക്കാൻ എനിക്കാവില്ല… പുതുതായി എന്താണ് എഴുതേണ്ടത് എന്ന് അമ്മയോട് ചോദിച്ചപ്പോൾ, അമ്മയ്ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുളളൂ ‘അഭിമന്യു’. അത് പറഞ്ഞപ്പോൾ
ആ കണ്ണുകളിൽ മാതൃത്വത്തിന്റെ സർവ്വ ഭാവങ്ങളും അസാധരണമാം വിധം മിന്നി മറയുന്നത് ഞാൻ കണ്ടു. ഒരു പക്ഷെ അമ്മ പറഞ്ഞിലെങ്കിലും അഭിമന്യുവിനെ കുറിച്ച് എഴുതാതിരിക്കുവാൻ എനിക്കാവു മായിരുന്നില്ല.കാരണം മരണത്തെ പോലും തോൽപിച്ച് കളഞ്ഞ ആ ചിരി നോവായി നെഞ്ചടരുകളിൽ പടർന്ന് കയറുന്ന ണ്ടായിരുന്നു.

Continue reading “അധാർമികതയുടെ ചക്രവ്യൂഹം…..”

Blog at WordPress.com.

Up ↑