ഓർമ്മകൾ (!)

ഫ്ലാഷ്ബാക്കാണ്.

ഏറ്റവുമേറ്റവുമേറ്റവുമാഴത്തിൽ നിന്ന് എടുത്ത് എഴുതിയതാണ്.

നനവുണ്ട് വരികളിൽ… ഈറൻ മാറിയിട്ടില്ല.

പ്ലസ് ടു സെൻ്റോഫിൻ്റെ അന്ന്…

മുന്നിലേക്ക് വന്ന് ഒരോരുത്തരായി ഓർമ്മകൾ പറയുന്നുണ്ട്… ശിൽപ്പ ഊഴം പ്രകാരം നടുവിൽ വന്ന് നിന്ന് പറയാൻ തുടങ്ങി… ” ഇവിടേക്ക് വരുമ്പോൾ എനിക്ക് പരിചയമുള്ള ഒറ്റ മുഖം പോലുമുണ്ടായിരുന്നില്ല. ഒപ്പം പഠിച്ചവർ ഒന്നും ഓപ്ഷൻ കൊടുക്കാത്ത സ്കൂൾ ഞാൻ നോക്കി തിരഞ്ഞെടുത്തതാണ്… എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു വേണ്ടത് , ഒറ്റപെടലല്ല… ഒറ്റയാകലിൽ നിന്ന് ഒരുപാടധികം പഠിക്കാനുണ്ട്” അവൾ പറഞ്ഞ് നിർത്തും മുന്നേ ആദ്യം കൈയ്യടിച്ചത് ഞാനായിരുന്നു.

കൈ തിരികെ മുന്നിലെ ഡെസ്കിലേക്ക് വെക്കും മുന്നേ ഞാനോർത്തു… എന്തിനാണ് ഞാനത്രയും ആവേശത്തോടെ ,.. അത്രയും പ്രിയപ്പെട്ട ഒരു കാര്യം കേട്ട നിർവൃതിയോടെ ,… കൈയ്യടിച്ചത്!

ഈയിടക്കാണ് പ്രിയപ്പെട്ട പ്രാസംഗികൻ നൗഫലേട്ടൻ്റെ ഒരെഴുത്ത് വായിക്കുന്നത്… അതിൻ്റെ ആദ്യ വരി ഇങ്ങനെയാണ് ” ടാറ്റൂ പോലെ പതിഞ്ഞ് പോയ മനുഷ്യരെ നിങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ടോ?”

നഷ്ടപ്പെട്ട് പോയതും, നഷ്ടപ്പെടുത്തി കളഞ്ഞതും, പകുതിയിൽ വച്ച് മുറിഞ്ഞ് പോയതും, മുറിച്ച് കളഞ്ഞതുമായ സൗഹൃദങ്ങളെ ഓർത്താകുമോ ഞാൻ അന്ന് കൈയടിച്ചത്!

” നിൻ്റെ ഹൃദയം കല്ലാണ്… നിനക്ക് കരയാനറിയോടി… എന്ത് ജീവിയാണ് നീ” പത്ത് പതിനാല് വർഷമായി കൂടെയുള്ളവളാണ്.ശകാരിക്കാൻ അവൾ കണ്ടെത്തുന്ന കാരണമാണ്. ഹൃദയം പാറക്കല്ലാണെന്ന്! നീ ഓർക്കുന്നുണ്ടോ മാളൂ… പെട്ടന്നൊരു ദിവസം ഞാൻ നമ്മളിലിരുന്ന ബെഞ്ചിൽ നിന്ന് മാറിയിരുന്ന് കളഞ്ഞത്? നിന്നോടിനിയും കൂട്ട് കൂടാൻ താൽപര്യമില്ലെന്ന് പറഞ്ഞ് കളഞ്ഞത്? നിന്നെ അവഗണിച്ച് കൊണ്ടേയിരുന്നത്? അന്ന് നീ കരഞ്ഞതോർമ്മയുണ്ടോ? ” നീ പോകല്ലേ… പോകല്ലേ…” എന്ന് പറഞ്ഞ് നിലവിളിച്ചതോർമ്മയുണ്ടോ? ഇതിനെല്ലാപ്പുറവും തിരിഞ്ഞ് നോക്കാതെ ഞാൻ നടന്ന് കളഞ്ഞത് ഏറ്റവും തെളിച്ചത്തോടെ നീ ഓർക്കുന്നുണ്ടാകുമെന്നെനിക്കുറപ്പാണ്. എത്ര നാൾ നിൻ്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു! കവിൾ തടങ്ങൾ ചുവന്നിരുന്നു! മിണ്ടാനൊരു വാക്കു പോലുമില്ലാതെ , ചേർത്ത് നിർത്താൻ ഒരു കൈ പോലും തരാതെ ഞാൻ മാറി നിന്നു. മഴയും മഞ്ഞും വേനലും തൊട്ടും തലോടിയും കടന്ന് പോയി… ഒരിക്കൽ പോലും നിന്നെ തിരികെ വിളിക്കാൻ എനിക്കായില്ല. എനിക്കത്ഭുതം തോന്നുന്നു മാളൂ… ഒത്തിരി നാളുകൾക്കിപ്പുറം പെരുമഴയത്ത് കുടയില്ലാതായി പോയപ്പോൾ ഏത് കനത്ത ഇരുട്ടിൽ നിന്നിറങ്ങി വന്നാണ് നീ എനിക്ക് തണൽ നീട്ടിയത്! ഞാനെത്രയെത്ര അകലേക്ക് നിന്നെ എടുത്തെറിഞ്ഞിട്ടും ഒറ്റയായി പോയപ്പോൾ എത്ര ആർദ്രമായാണ് നീ എന്നെ ചേർത്ത് പിടിച്ചത്. കുത്തിമുറിവേൽപ്പിച്ചിട്ടും പിന്നെയും സ്നേഹിക്കുന്ന മനുഷ്യർക്ക് ഈയ്യലിൻ്റെ ചിറകുകളാണെന്ന് ഞാൻ വെറുതെ ഓർക്കാറുണ്ട്….

പത്താം ക്ലാസ്സിൻ്റെ ഓർമ്മകളിൽ യെലന മാത്രം നിറയുന്നതെന്ത് കൊണ്ടാണ്? ഇടനാഴികളിലിരുന്ന് ,സ്കൂൾ ഗ്രൗണ്ടിലൂടെ മഴ നനഞ്ഞ്, മാഞ്ചുവട്ടിൽ തോളിൽ കൈയ്യിട്ട് പറഞ്ഞ് തീർത്ത കഥകളെയൊക്കെ നിനക്കോർമ്മയുണ്ടോ ? ഒഴിവ് ദിവസങ്ങളിലെ ലൈബ്രറിയിലേക്കുള്ള നടത്തം നീ ഓർക്കുന്നുണ്ടോ? ആ വൈകുന്നേരങ്ങളൊക്കെ ഏത് സന്ധ്യയിലാണ് അവസാനിച്ച് പോയത്…?

സ്കൂൾ വിട്ട് തിരികെ വരുമ്പോൾ നീ പറയാറുള്ള ചെമ്പകത്തിൻ്റെ കഥ ഏത് വരിയിലാണ് തീർന്ന് പോയത്!

ഈ വഴികൾ തീരല്ലേ എന്നാഗ്രഹിച്ച് കൊണ്ട് കഥ പറഞ്ഞും, കളിയാക്കിയും, പൊട്ടി ചിരിച്ചും രണ്ട് പെൺകുട്ടികൾ നടന്ന് വരുന്നത് നിനക്ക് കാണാമോ? ഇന്ന് അതേ വഴിയിൽ നീ മുന്നിലും ഞാൻ പിന്നിലുമായി നടന്ന് നീങ്ങുമ്പോൾ നമ്മളെന്നെങ്കിലും മുഖമുയർത്തി തമ്മിൽ നോക്കിയിരുന്നോ? തൊട്ട് തൊട്ട് നടന്നിട്ടും എത്ര അകലെയായിരുന്നു നമ്മൾ…! ഓർമ്മയുടെ ഏതോ അറ്റത്ത് നിന്ന് പിരിയാമെന്ന് പറഞ്ഞ് നമ്മൾ അകന്ന് മാറിയ ആ ദിവസം തെളിഞ്ഞ് വരുന്നുണ്ട്. അന്ന് നമ്മുടെ കണ്ണുകൾ മുറിഞ്ഞിരുന്നു… നീ ഓർക്കുന്നുണ്ടാവും. തമ്മിലിനിയും കാണുമ്പോൾ കൈമാറാനൊരു ചിരിയെങ്കിലും ബാക്കി വെക്കണമെന്നുള്ളത് കൊണ്ട് ദേഷ്യമില്ലാതെ, വെറുപ്പില്ലാതെ അന്ന് നമ്മളൊരു പൂർണ്ണ വിരാമമിട്ടു. നിർത്താതെ നിർത്താതെ സംസാരിച്ചിരുന്ന നമ്മുടെ ഹൃദയങ്ങൾക്ക് മേൽ ആരാണ് മൗനം വിതറിയത്? അഴിഞ്ഞ് പോയ ഇഴയെ ഇനിയും ചേർത്ത് നിർത്തേണ്ടെന്ന് നമ്മളെന്തിനാണ് തീരുമാനിച്ചത്? ഉത്തരങ്ങളില്ലാത്ത എത്രയെത്ര ചോദ്യങ്ങളാണ് നമ്മുക്കിടയിൽ! അപ്പോഴും, ഉയിരിൽ നിന്നോളം ഇഴുകി ചേർന്ന മറ്റൊരു കൂട്ടുകാരിയില്ലെന്ന് എന്തിനാണ് ആത്മാവ് പറഞ്ഞ് കൊണ്ടേയിരിക്കുന്നത് !!!

അഞ്ചെട്ട് വർഷമായി നിഴല് പോലെ കൂടെയുള്ളൊരുവൾ ഏത് ഒറ്റയടിപാതയിലാണ് വേർപ്പെട്ട് പോയത്? സന്തോഷങ്ങളെ, സങ്കടങ്ങളെ, തിരമാലകളെ, പൂക്കളെ, ശിശിരത്തെ കൈകൾ കോർത്ത് വരവേറ്റ കാലം ഐശ്വര്യാ ഓർമ്മയില്ലേ നിനക്ക് … ഞാൻ മറന്ന് വച്ച് നടന്നകന്നതാണെന്ന് നീ ഇന്നേ വരെ എന്നെ കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും , അന്ന് നല്ല മഴയുള്ള ഒരു ദിവസം നമ്മളൊന്നിച്ച് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുമ്പോൾ നിൻ്റെ ഫോണിൽ എൻ്റെ ചിത്രത്തിന് നേരെ “എത്രമേൽ അകലെയായി നാം ” എന്ന് നീ എഡിറ്റ് ചെയ്ത് വച്ച ഫോട്ടോ തുറന്ന് വന്നതും , നീയത് മന:പൂർവ്വം മാറ്റികളഞ്ഞതും എൻ്റെ ഓർമ്മയിൽ നിന്നെഴുന്നേറ്റ് വന്ന് മുറിവേൽപ്പിക്കുന്നുണ്ട്. ഞാൻ നിന്നെ മറന്നിരുന്നോ? അങ്ങനെ നിനക്ക് തോന്നിയിരുന്നോ? ഇല്ലെടോ… മറന്നിട്ടില്ല. ക്യാംപിൽ പുലർച്ചെ അഞ്ച് മണി വരെയും പറഞ്ഞും കേട്ടും നമ്മളിരുന്നത്… ജനലരികിൽ പോയി ചാറ്റൽ മഴ നനഞ്ഞ് ഓർമ്മകളെഴുതിയത്… നാരങ്ങാ മിഠായി നുണച്ചിറക്കി ഇണങ്ങിയും പിണങ്ങിയും നമ്മളിരുന്ന വൈകുന്നേരങ്ങൾ !

എൻ്റെ ഭ്രാന്തുകളെയെല്ലാം നീ കേട്ട പോലെ മറ്റാരാണ് കേട്ടിട്ടുള്ളത്? നിൻ്റെ കനവുകളെല്ലാം എനിക്കല്ലാതെ മറ്റാർക്കറിയാം?

ഏത് ദിവസമാണ് ? ഏത് നിമിഷമാണ് ? ഏത് വാക്കാണ് ? ഏത് നേർത്ത നിഴലാണ്…? നമ്മുടെ ചിരികളെ തട്ടിയെടുത്ത് കളഞ്ഞത്! എന്നിട്ടും…. എത്രമേൽ ഇഷ്ടത്തോടെയാണ് നീ വേരുകൾ പോലെ എന്നെ കെട്ടിപിടിക്കുന്നത്. മുൻവിധികളില്ലാതെ വിശ്വസിക്കുന്നത്. കൊറോണാ കാലത്തിനപ്പുറം നമ്മളിനി കാണുമ്പോൾ ഒരു പാട് സ്നേഹം നിറച്ചൊരു നാരങ്ങാ മിഠായി വാങ്ങി തരും ഞാൻ നിനക്ക്💙

…തോർന്ന് പോയിട്ടും ചില്ലകളിൽ ഒരു മഴ ബാക്കി വെക്കുന്ന … ഇത്തരം മനുഷ്യർക്കെല്ലാം വെള്ളാരങ്കല്ലുകളുടെ തണുപ്പാണ് . ഞാനോർക്കുകയായിരുന്നു എത്രയെത്ര മനുഷ്യരാണ് ഇങ്ങനെയിങ്ങനെ കടന്ന് പോകുന്നത്. അതിലെത്രയെത്ര മുഖങ്ങളാണ് ‘ടാറ്റൂ’കളാകുന്നത്…

ഓർമ്മകൾ കിതച്ചെത്തി നിൽക്കുന്ന അവസാനത്തെ പേര് ആരുടേതാണ്?

ഒന്നുറപ്പാണ് , ജീവിതത്തിൽ ഇത്രമേൽ ആർദ്രമായ മനുഷ്യരുടെ സ്പർശം പൊള്ളി പിടയലുകളിൽ തേൻ പുരട്ടാറുണ്ട്. മുറിവുകളെ ഊതിയുണക്കാറുണ്ട്.ഒരുപാട് ഒരുപാട് അകലെയാണെങ്കിലും ഒറ്റ ബെല്ലിൽ ഫോണെടുത്ത് ”നീ പറ… ഞാൻ കേൾക്കാം” എന്ന് പറയുവാൻ ഒറ്റ മനുഷ്യനെങ്കിലും ഉണ്ടാകുമെന്ന ഉറപ്പ് നമ്മളെല്ലാം സൂക്ഷിക്കുന്നുണ്ടാകും. ഇമേജ് കോൺഷ്യസ്നസ്സ് കാരണമോ ഈഗോ പ്രശ്നങ്ങൾ കാരണമോ തമ്മിൽ മുഖം തിരിഞ്ഞ് നടക്കുകയും ,എന്നാൽ കാല് തെറ്റുമ്പോൾ ഏറ്റവുമാദ്യം കൂടെയെത്തുകയും ചെയ്യുന്ന ഒരു കൂട്ട് ചിലപ്പോൾ നമ്മുക്കുണ്ടായിരിക്കും , നോക്കൂ എത്ര വിചിത്രമാണ് മനുഷ്യബന്ധങ്ങളൊക്കെയും! നമ്മളെ സ്നേഹിക്കുവാൻ ഒരു കാരണവുമില്ലാത്തപ്പോഴും വിടാതെ മുറുകെ പിടിക്കുന്നതാണ് ആത്മബന്ധം എന്ന് എവിടെയോ വായിച്ചിട്ടുണ്ട്…അങ്ങനെ പറ്റി പിടിച്ചിരിക്കുന്ന മുഖങ്ങളാണ് നമ്മെ ജീവിപ്പിക്കുന്നത്! 💙

പിന്നെയുമെന്തിനാണ് ഒറ്റയാകലിനെ കുറിച്ച് ശിൽപ്പ പറഞ്ഞപ്പോൾ ഞാൻ നിർത്താതെ കൈയ്യടിച്ചത് ! ഈ മനുഷ്യരുടെ തണലിനേക്കാളൊക്കെയും ഒറ്റയാകലിനെ ഞാൻ സ്നേഹിച്ചിരുന്നോ? …. ആ മനുഷ്യരോളം വരില്ലെങ്കിലും ഒറ്റയാകലിനെയും സ്നേഹിച്ചിരുന്നു. ഇങ്ങനെ ഓർമ്മപെയ്ത്തിൽ നനഞ്ഞ് നിൽക്കാൻ… കനവിലൊരായിരം കവിതകൾ മെനയാൻ… എന്നോട് തന്നെ സംസാരിക്കാൻ (!) ഒറ്റയാകലിനെ ഞാനത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു…

ജീവിതം ഒരു സീ- സോ പോലെ സൗഹൃദത്തിനും ഒറ്റയാകലിനുമിടയിലുള്ള ബാലൻസ് ആണെന്ന് തോന്നിയിട്ടുണ്ട്…

ഒരുപാടധികം അടുത്തായിരുന്നിട്ടും തിരിഞ്ഞ് നോക്കാതെ ഇറങ്ങി പോയവരോട് , ഇറക്കി വിട്ടവരോട് അൽപ്പം പോലും മുഖം കറുപ്പിച്ച് പറയാതിരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്ന് തോന്നുന്നു… നിങ്ങൾ നൽകിയ സ്നേഹത്തിൻ്റെ മനോഹാര്യതയിൽ മാത്രം വിശ്വസിക്കുക.

ഇറങ്ങി പോയെങ്കിലും,

ഇറക്കി വിട്ടെങ്കിലും,

സ്വസ്ഥമായിരിക്കുവാൻ നിറവണിഞ്ഞ ഒ’രൊറ്റ ‘യിടത്തെ കാത്ത് വെക്കുവാൻ മറന്ന് പോകല്ലേ!

 

©   അശ്വിനി ശ്രീജിത്ത്


Check out aswinisreejithwrites.wordpress.com for more!

 

13 thoughts on “ഓർമ്മകൾ (!)”

  1. കൊള്ളാം……കണ്ണുകളിലേക്ക് തണുത്ത ഒരു കാറ്റ്…പിന്നെ ഓർമകളുടെ മഴവില്ല്…അവർ എവിടെയും പോയിട്ടില്ല…ഇറക്കി വിടാതെ, ഇറങ്ങി പോകാതെ അവരെല്ലാം….ഏതോ ആഴത്തിൽ..!!
    Thanks Aswini!

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s