നക്ഷത്രങ്ങൾക്ക്…

ജീവിതത്തിൽ എന്തെല്ലാം അരക്ഷിതാവസ്ഥകളിലൂടെ മറ്റാരുമറിയാതെ നമ്മൾ കടന്ന് പോകുന്നു… വാക്കുകൾ നെഞ്ചിൽ നിന്ന് തൊണ്ടയിലേക്കെത്തുമ്പോഴേക്ക് ഉരുണ്ട് കൂടി ഒടുക്കം ആസിഡ് പോലെ ഒലിച്ച് പോകുന്ന, വിവരിച്ചെടുക്കാനാവാത്ത ചില കടുത്ത നേരങ്ങളിലൂടെ മനുഷ്യർ നനഞ്ഞ് കുളിക്കുന്നു… മുങ്ങി നിവരുന്നു. ഏറ്റവും നിസ്സാരമെന്ന് മറ്റൊരാൾക്ക് തോന്നുന്ന കാര്യം ചിലപ്പോൾ ഒരാളുടെ ഉള്ള് കാർന്ന് തിന്ന് അയാളെ ശ്വാസ മാത്രമവശേഷിക്കുന്ന മാംസപിണ്ഡമാക്കിയിരിക്കും. കാരണങ്ങളില്ലാതെ ഉള്ളിൽ നുരഞ്ഞ് പൊന്തുന്ന കണ്ണീരിൽ നീന്തി കരകയറാനാവാതെ ഒഴുകി പോകുന്ന മനുഷ്യരെ ‘വിഷാദം ‘ വന്ന് തൊടുന്നു. ചികിത്സ അർഹിക്കുന്ന ഈ രോഗാവസ്ഥയെ കാൽപ്പനികവൽക്കരിക്കാനാവില്ല. മറ്റ് രോഗാവസ്ഥകളെ പോലെ തീർച്ചായായും തിരിച്ചറിയപ്പെടേണ്ടതും, ചികിത്സിക്കേണ്ടതുമായ ഒന്നിനെ ഇപ്പോഴും വേണ്ട പ്രാധാന്യം കൊടുക്കാതെ നമ്മൾ മാറ്റി നിർത്തുന്നുണ്ട്. എന്നാൽ സങ്കട കടലിലേക്ക് നിങ്ങൾ ഒഴുകി പോകും മുൻപ് ,അഥവാ, നമ്മൾ ഒഴുകി പോകും മുൻപ് ചേർത്ത് നിർത്താനോ കേൾക്കുവാനോ ഒരു മനുഷ്യനുണ്ടായിരുന്നെങ്കില്ലെന്ന്, ഒരു മനുഷ്യനെങ്കിലുമുണ്ടായിരുന്നെങ്കില്ലെന്ന് എത്ര നിസ്സഹായമായി നമ്മളോർത്ത് പോകാറുണ്ട്, എത്ര നിസ്സംഗമായി നമ്മൾ പ്രതീക്ഷിച്ച് പോകാറുണ്ട്.

ഈയടുത്ത് വിഷാദം ബാധിച്ചിരുന്ന കാലത്തെ ഓർമ്മകളെ കുറിച്ചുള്ള ഒരാളുടെ എഴുത്ത് കണ്ടു.അക്കാലത്ത് അലാറം അടിക്കുന്നതാണ് അയാൾക്ക് ഏറ്റവും ഭീതിപ്പെടുത്തുന്ന ഒന്നായി അനുഭവപെട്ടതെന്ന് പറയുന്നു.മുൻപിലുള്ള ദിവസത്തെ നേരിടാനാവാതെ, ശൂന്യത മാത്രം നിറയുന്ന മണിക്കൂറുകളെ തള്ളി നീക്കേണ്ടതോർത്ത് അലാറത്തെ പേടിയോടെ നോക്കിയിരുന്നെന്ന് അവർ പറയുന്നു. കുഴിഞ്ഞ കണ്ണുകളും കണ്ണീരൊലിപ്പാടുകളും മാത്രമല്ല വിഷാദമെന്ന് സുശാന്ത് സിങ്ങ് രജ്പുത് മരണത്തിലൂടെ അടയാളപ്പെടുത്തി പോയ് കളഞ്ഞു. വിഷാദത്തിൻ്റെ കടും നിറങ്ങളാണ് സിൽവിയ പ്ലാത്തിനെയും കവർന്നെടുത്തത്…

തീർച്ചയായും, ഈ കുറിപ്പ് വിഷാദത്തെ കുറിച്ചല്ല…വിഷാദത്തിലേക്ക് ഒരു മനുഷ്യൻ കടക്കും മുൻപേ… അല്ലെങ്കിൽ, കടുത്ത ഒരു സങ്കടം നേരിടുന്ന മനുഷ്യനെ കേൾക്കുന്നതിനെ കുറിച്ചാണ്. കാതുകൾ കൊണ്ടല്ലേയല്ല, ഹൃദയം കൊണ്ട്.

മനുഷ്യർ എന്തെല്ലാമോ കാരണങ്ങൾ കൊണ്ട് സങ്കടപ്പെടുന്നു… എല്ലാ സങ്കടങ്ങളെയും കേൾക്കുന്നതൊരു പോലെയല്ല.എന്നാൽ തുലാസ്സിൽ തൂക്കി നോക്കിയോ, മാപ്പിനികൾ കൊണ്ട് അളന്ന് നോക്കിയോ സങ്കടങ്ങളെ വേർതിരിച്ച് കളഞ്ഞേക്കരുത്.”രാജ്യം നഷ്ടപ്പെട്ട രാജാവും കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയും അനുഭവിക്കുന്നതൊരേ വേദനയാണ്”. ഒരു മനുഷ്യനെ കേൾക്കും മുൻപ് ഏറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും നമ്മളറിഞ്ഞിരിക്കണമെന്ന് തോന്നുന്നു. കേൾക്കുന്നതിൻ്റെ രീതി ശാസ്ത്രം ഇനിയും നമ്മൾക്കറിയില്ല. ഹെർമ്മൻ ഹെസ്സെയുടെ ‘സിദ്ധാർത്ഥനെ’ പോലെ കേൾക്കണം… സുധാ മൂർത്തിയുടെ ‘ഹൊറിഗല്ലുവിലെ’ മുത്തശ്ശനെയും, ‘രഹന ‘യെയും പോലെ കേൾക്കണം… മുൻവിധികളില്ലാത്ത, ഇടയിൽ കയറാതെ, ചോദിക്കാൻ വേണ്ടി മാത്രം ചോദ്യങ്ങൾ കണ്ടെത്താതെ കേൾക്കുക മാത്രം ചെയ്യണം.

കേൾക്കുകയെന്നാൽ, വാർന്നൊലിക്കുന്ന മുറിവിനെ വച്ച് കെട്ടാനാവാതെ കണ്ണുകളിൽ നിന്ന് പോലും ചോര പൊടിയുന്ന ഒരു മനുഷ്യനെ മുറിവുണക്കാൻ സഹായിക്കുക എന്ന് കൂടെയാണ്.ദീപ ടീച്ചറുടെ പുസ്തകത്തിൽ വായിച്ചപ്പോഴാണ് ഞാനുമതോർക്കുന്നത് സന്തോഷത്തേക്കാൾ സങ്കടങ്ങളെ കുറിച്ചാണ് കവിതകളുണ്ടാകുന്നത്… നേട്ടങ്ങളേക്കാൾ നഷ്ടങ്ങളുടെ നൊമ്പരമാണ് കവികളുടെ പാനപാത്രം നിറയ്ക്കുന്നത്. സങ്കടങ്ങളെന്തെല്ലാം തരത്തിലാണ് മനുഷ്യനിൽ നിറയുന്നത് ! നിരന്തരമായ പരാജയങ്ങളും ഏൽക്കേണ്ടി വരുന്ന തിരിച്ചടികളും, അവഗണനകളും

പ്രിയപ്പെട്ടൊരാളുടെ വേർപാട് അല്ലെങ്കിൽ പിരിഞ്ഞ് പോക്ക്… അങ്ങനെയങ്ങനെ അക്കമിട്ട് നിരത്താനാകാതെ, മഴമുകിലുകളെ പോലെ പെയ്തും പെയ്യാതെയും അവ നമ്മുടെ ആകാശത്ത് കറങ്ങി തിരിയുന്നു.

WH0 2017 ൽ ഡിപ്രഷനെ ചെറുക്കാനുള്ള മുദ്രാവാക്യമായി ‘ Let ‘s talk ‘ എന്ന് പ്രഖ്യാപിച്ചു. വരൂ… നമ്മുക്ക് സംസാരിക്കാം. പക്ഷെ, നല്ല കേൾവിക്കാരുണ്ടാവുന്നതിനും തുല്യ പ്രാധാന്യമാണ്. മുൻ വിധികളില്ലാതെ കേൾക്കുമ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്ന കനമുള്ള ഒരു ഹൃദയത്തിന് പതിയെ പതിയെ ഭാരം കുറഞ്ഞ് വരും… അത് അതിൻ്റെ സ്വത്വത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടാവും. കേൾക്കുകയെന്നാലൊരു മനുഷ്യനെ ജീവിപ്പിക്കുക എന്ന് കൂടെയാകുന്നു.

ചിരിക്കാനുള്ള ഇടങ്ങൾ മാത്രമാണ് പലപ്പോഴും നമ്മൾ കണ്ടെത്തുന്നതും, ഒരുക്കി വെക്കുന്നതും. കണ്ണ് മുറിയുമ്പോൾ ഒരു മനുഷ്യന് നമ്മളെ ആശ്രയിക്കാമെന്നും, അയാളെ ഹൃദയം കൊണ്ട് കേൾക്കാനുമാകുമെന്നും നമ്മുക്ക് നമ്മളെ കുറിച്ച് തോന്നാറുണ്ടോ?

ഇത്തരം അരക്ഷിതാവസ്ഥകളിലൂടെ… നിർവച്ചിക്കാനോ, കാണിച്ച് കൊടുക്കാനോ കഴിയാത്ത സങ്കടങ്ങളിലൂടെ തുഴഞ്ഞ് പോവുന്ന മനുഷ്യർക്ക് കാതുകൾ കൊടുക്കൂ… ആർദ്രതയുള്ളൊരു ഇടമായി മാറൂ…

രാത്രിയാകശത്തിനെ നക്ഷത്രങ്ങൾ കേൾക്കും പോലെ, ഒരു മനുഷ്യനെയെങ്കിലും കേൾക്കൂ …❤

-Aswini

All readers out there,

Plese Do like, share and follow my blog!❤

aswinisreejithwrites.wordpress.com

25 thoughts on “നക്ഷത്രങ്ങൾക്ക്…”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s