സന്തോഷത്തെക്കുറിച്ച്…

ഇന്നലെ, മുറ്റത്തിരുന്ന് ജെല്ലി കല്ലുകൾ എണ്ണികൊണ്ടിരിക്കുമ്പോഴാണ് (തൊട്ടടുത്തുണ്ടായിരുന്ന ചെടിക്ക് 28 ഇലകളുണ്ടായിരുന്നു, ലോക്ക് ഡൗൺ കൊണ്ട് എന്തൊക്കെ ഉപകാരമാണല്ലേ! ) നേരെ മുൻപിൽ വിരിഞ്ഞ് നിൽക്കുന്ന ലില്ലി പൂവിനെ കണ്ടത്. പൂക്കളോട് പണ്ട് തൊട്ട് പറഞ്ഞറിയിക്കാനാവാത്ത ‘പ്രിയ’മാണ്…

കണ്ടാൽ അപ്പൊ തന്നെ പറിച്ച് ഞെക്കി പിഴിഞ്ഞ് കളയുക എന്നതായിരുന്നു അന്നത്തെ ഹോബി !!!

സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ,

കുളിച്ച് വന്ന് അഞ്ച് മണിക്ക് ‘മായക്കണ്ണൻ’ തുടങ്ങും മുൻപ് ചായയുമായി ടി.വിക്ക് മുന്നിൽ എത്തുക എന്നത് നിർ ബന്ധമാണ്.’ ഛോട്ടാ ഭീം’ ഒക്കെ രംഗ പ്രവേശനം ചെയ്യുന്നേയുള്ളൂ, ആദ്യ ഹീറോ മായക്കണ്ണനായിരുന്നു.

അഞ്ചര വരെ മായക്കണ്ണനും ലീനയുമാണ് ലോകം. അഞ്ചര കൃത്യം ടി.വി.ഓഫ് ചെയ്ത്, കോലായിൽ ജനലിന് ചേർത്ത് വച്ചിരിക്കുന്ന , താഴെ വീഴാതിരാക്കാൻ വശങ്ങളിൽ കൂടെ ഉരുളുകൾ പിടിപ്പിച്ച നിലയും പിങ്കും കലർന്ന എൻ്റെ സൈക്കിളിനെ മുറ്റത്തേക്കിറക്കും.

ഞാനുണ്ടാക്കുന്ന സാങ്കൽപ്പിക കഥയിലെ നായികയായി സൈക്കിളിൽ കറങ്ങി നടക്കുക, സീറ്റിന്മേൽ കയറി നിന്ന് സൈക്കിളുരുട്ടി വിട്ട് താഴെ വീഴുക ,ബാസ്ക്കറ്റിൽ അപ്പൂപ്പൻ താടികൾ നിറച്ച് അവ പാറി പോകാത്ത വിധത്തിൽ സൈക്കിളോടിക്കാൻ സ്വയം വെല്ലുവിളിക്കുക, മുറ്റത്തുണ്ടായിരുന്ന മല്ലിക പൂ ഒറ്റകൈ കൊണ്ട് എത്തി പിടിച്ച് പറിച്ച് എതിർവശത്തുള്ള കല്ലിന്മേൽ വേഗത്തിൽ കൊണ്ടാക്കുക, ഒറ്റയ്ക്ക് സൈക്കിൾ റേസ് നടത്തുക തുടങ്ങി വൈവിധ്യമാർന്ന കളികളാൽ സൈക്കിൾ സവാരിയെ ഞാനാഘോഷിച്ചു.

പറഞ്ഞ് വന്നത് ലില്ലി പൂക്കളെ കുറിച്ചാണ്…അക്കാലത്ത് അസാധാരണമായ ഒരു ‘ബിസിനസ്സ് സംരഭത്തി’നുടമയായിരുന്നു ഞാൻ. മുറ്റത്തെ പൂക്കളെ പറിച്ചെടുത്ത് കോലായുടെ അരികിലിരുന്ന് അമ്മിക്കല്ല് പോലൊരു കുഞ്ഞ് കല്ലെടുത്ത് ഞെക്കി പിഴിഞ്ഞ് ഫ്രിഡ്ജിലെ തണുത്ത വെള്ളം കപ്പിലാക്കി അതിൽ ചേർത്ത് ‘സ്പ്രേ നിർമ്മാണം’ എന്ന സംരഭം ഞാൻ നടത്തി പോന്നിരുന്നു!!! ഗ്ലാസ് ബോട്ടിലുകളിൽ വെള്ളം നിറച്ച് ഫ്രീസറിൽ വച്ചാൽ പൊട്ടും എന്ന് കെമിസ്ട്രി ക്ലാസ്സുകളിൽ പഠിക്കുന്നതിനൊക്കെ വളരെ മുൻപ് സ്പ്രേ നിർമ്മിച്ച് ഫ്രീസറിൽ അടച്ച് , ആകാംഷയിൽ ഓടിച്ചെന്ന് എടുത്ത് കൈ മുറിഞ്ഞത് ഞാനിപ്പോഴുമോർക്കുന്നു…. പക്ഷെ, വളരെക്കാലം വിജയകരമായി നടത്തി പോന്ന ഈ ബിസിനസ് തകർന്ന് പോയതെപ്പോഴാണെന്ന് കൃത്യമായൊരോർമ്മയില്ല!

മേശവലിപ്പിൽ, മുറ്റത്ത് നിന്ന് പറിച്ച് വെക്കുന്ന പൂക്കളും അപ്പൂപ്പൻ താടിയും, മറ്റൊന്നിൽ സ്വർണ്ണ നിറമുള്ള പൂച്ചവാലുകളുമായിരുന്നു… പൊട്ടിയ ബലൂൺ കഷ്ണങ്ങൾ നിറച്ചൊരു വാളറ്റ്, നിറമില്ലാത്തതും, വലിച്ചെറിഞ്ഞതുമായ കടലാസ്സുകൾ നിറച്ചൊരു സഞ്ചി, ഇതൊക്കെയും ശേഖരിച്ച് വെക്കുന്നൊരു പതിവ് അക്കാലത്തുണ്ടായിരുന്നു.

അലമാരയ്ക്കകത്ത് നിന്ന് അമ്മയുടെ പഴയൊരു ഷാൾ എടുത്ത്, ജനാലയോടും മേശയോടും ചേർത്ത് കെട്ടി നിലത്തോട് ഉരസും വിധമാണെങ്കിലും കിടന്നാടാവുന്ന ഉഞ്ഞാൽ കെട്ടി, ചംപക്കിലേയും ,ടിങ്കിളിലെയും ശുപ്പാണ്ടിയോടും ചീക്കു മുയലിനോടും നിർത്താതെ നിർത്താതെ കഥ പറഞ്ഞ് ഉറങ്ങി പോവുന്ന കുട്ടി കാലം, പത്തോ പന്ത്രണ്ടോ വർഷങ്ങൾ പിന്നിൽ പോയി.

ഞാനോർക്കുകയായിരുന്നു, എത്ര നൈർമല്യത്തോടെയാണവൾ സന്തോഷത്തെ നിർവചിക്കുന്നത്.

മറ്റൊന്നുമേ അലട്ടാതെ, വിരസതയെന്നൊരു പദം പോലും ഓർക്കാതെ, ഒരാഘോഷമാക്കുന്നത് എങ്ങനെയാണെന്ന്!

ലോക്ക് ഡൗണിൽ വീട്ടിലടച്ചിരുന്ന് ചെടിയുടെ ഇലകളെണ്ണുമ്പോൾ, എല്ലാ ദിവസങ്ങളും ഒന്നിൻ്റെ തന്നെ ആവർത്തനങ്ങളാവുമ്പോൾ, ഒരു കാലത്ത് ഒരോ നേരവും കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ തുളളി ചാടി നടന്നിരുന്നതെങ്ങനെയാണ്….!!!

സന്തോഷത്തെ കുറിച്ച് ,അതുണ്ടാവുന്നതിൻ്റെ കാരണങ്ങളെ കുറിച്ച് ,അതില്ലാതാകുന്നതിൻ്റെ ദൈന്യതയെ കുറിച്ച് വേവലാതിപ്പെടാതെ നമ്മൾ സന്തോഷിച്ചിട്ടുണ്ടെങ്കിൽ അത് കുട്ടി കാലത്തായിരിക്കണം.

അനിയന്ത്രിതമായ ഉൽക്കണ്ഠ കൊണ്ടോ, അസഹനീയമായ വേദനകൾ കൊണ്ടോ ഉറക്കത്തിൽ നിന്ന് ഞെട്ടി പിടഞ്ഞെഴുന്നേറ്റ് പൊട്ടി കരയുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു മനുഷ്യൻ വളരെ കാലമായി ജീവിതത്തിൽ നിന്ന് സന്തോഷം നഷ്ടമായിട്ടെന്ന് ഓർക്കുന്നത്, ജീവിതത്തിൽ നിന്ന് ജീവിതമേ ഇറങ്ങി പോയി കളഞ്ഞെന്ന് തിരിച്ചറിയുന്നത്. ശെരിക്കും നമ്മുടെയൊക്കെ സന്തോഷത്തിൻ്റെ താക്കോൽ ഏതാണ്?

കുഞ്ഞുങ്ങളുടെ സന്തോഷം നിർവച്ചിക്കുന്ന അത്ര ലാളിത്യത്തോടെ ഇപ്പോഴും ഒന്നോ രണ്ടോ ആലോചനകൾക്കിപ്പുറം അത് പറയാൻ നമ്മുക്കാവുമോ?

അഥവാ, നിതാന്തമയി ഒറ്റ കാര്യം നമ്മെ സന്തോഷിപ്പിച്ച് കൊണ്ടിരിക്കുമോ? അങ്ങനെ എല്ലാ കാലത്തും സന്തോഷിപ്പിക്കുന്ന ഒന്നുണ്ടെങ്കിൽ അത് എന്ത് അത്ഭുതമാകും? എത്ര ഉള്ളുരുകി സ്നേഹിക്കുന്ന ഒന്നാകണം അത്?

ഇടയ്ക്ക് രാത്രി ഉണർന്നിരുന്ന്, വിർജീനിയ വുൾഫിൻ്റെ വിഷാദ രുചിയുള്ള കവിതകൾ വായിക്കുമ്പോൾ ഞാനോർക്കും, കുറച്ച് മുൻപുള്ള രാത്രികളിൽ സീറോ വോൾട്ട് ബൾബിൻ്റെ വെളിച്ചത്തിൽ ഫെയറി ടെയിലുകളിലെ മാലഖയെ പോലെ നൃത്തം ചെയ്തിരുന്നുവളാണല്ലോ ഞാനെന്ന്!

A. C. കറണ്ടിൻ്റെ ഗ്രാഫ് പോലാണ് ചിലപ്പോഴൊക്കെ ജീവിതം,

ചിരിച്ച് കൊണ്ടിരിക്കുമ്പോഴും, അടുത്ത പകുത്തി കടുത്ത നിരാശയാണെന്ന് നമ്മുക്കറിയാം, തൊട്ടപ്പുറത്ത് ആനന്ദമിരിപ്പുണ്ടെന്നും. പക്ഷെ നോക്കൂ… ഇപ്പോഴുള്ള സന്തോഷത്തിൻ്റെ പരിപ്ലേക്ഷ്യം കൊണ്ടല്ല അതിനെ നമ്മളളക്കുന്നത്, അത് മറ്റൊരു ‘ആങ്കിളാ ‘ണ്.

ഇതിനിടയിലൂടെ പൊള്ളുന്ന ആവൃതിയിൽ ജീവിതം പാഞ്ഞ് പോകുന്നുണ്ട്.

സച്ചിദാനന്ദൻ മാഷ് എഴുതുന്നത് പോലെ, “രണ്ട് വേദനകൾക്കിടയിലെ ഇടുങ്ങിയ ഒരിടമാണ് ആനന്ദം”.

ശെരിക്കും, സന്തോഷത്തിന് നിർവചനമുണ്ടോ?

നിർവചനമില്ലാതിരിക്കുന്നത് കൊണ്ടാണ് സന്തോഷം, സന്തോഷമായിരിക്കുന്നതെന്ന് തോന്നുന്നു.

ഏറ്റവുമേറ്റവുമൊടുവിൽ, സന്തോഷിച്ചിരുന്നോ? മനസ്സിനിഷ്ടപ്പെട്ടതാണോ ചെയ്തതൊക്കെയും എന്ന ചോദ്യം മാത്രമാണ് ബാക്കിയാവുക…

ഏതെല്ലാം ഉഴവ് ചാലുകളിലൂടെയൊലിച്ചിട്ടും ഹൃദയത്തിലളളി പിടിച്ചിരിക്കുന്ന ആ കുഞ്ഞ് ആഗ്രഹത്തെ പോലും വിട്ട് കളഞ്ഞില്ലല്ലോ എന്ന നിർവൃതിയിലാണ് ജീവിതം തീരേണ്ടത് എന്ന് നമ്മൾ കൊതിക്കും.

അത് കൊണ്ടാണ്, Make somebody Smile , remember you are Somebody too എന്ന ക്യാപ്ഷനോടെ, മഞ്ജു വാര്യർ ഒരു പടം പങ്ക് വെക്കുമ്പോൾ നമ്മൾ ആഘോഷിക്കുന്നത്.

സന്തോഷത്തിൻ്റെ താക്കോൽ കണ്ടെടുക്കുന്ന മനുഷ്യരോടൊക്കെ അപാരമായ സ്നേഹം തോന്നുന്നത് അത് കൊണ്ടാണ്.

എൻ്റെ സന്തോഷമിപ്പോൾ ഈ നിമിഷമെന്താണ്…

ജീവിതത്തിനെ അതിൻ്റെ വന്യതയോടെ സ്വീകരിക്കുക എന്നതാണ് ഇപ്പോൾ എൻ്റെ സന്തോഷം.

നിങ്ങളുടെ സന്തോഷമെന്താണ് ?

വരൂ, അതിവിടെ കൂട്ടിച്ചേർക്കൂ…

കുറിപ്പ് പൂർണ്ണമാക്കൂ…❤️

– അശ്വിനി

16 thoughts on “സന്തോഷത്തെക്കുറിച്ച്…”

 1. Ethra bhangiyode aanu kittikalaathe oru kochu kochu santhosangal vivarichekunnathu. Kuttikaalathu santhoshikkaan nammuk adhikam onnum vendiyirunilla. Annu nammal ithrem overthink cheythu analyse cheyyillayirunallo. Oru pakshe athaavam kaaranam.
  AC currentinde graph pole thanne aanu. Valare nalloru udhaharanam aayirunnu athu. Orupaad ishtapettu, Aswini.

  Liked by 1 person

  1. Yeah,
   Childhood was the best, but we wished to grow up!
   Thank You so much for your words dear❤❤❤
   AC nte graph, adhyam kandapo, it was just a graph, pakshe ipo pineyum kanumbo enik ingne oky thonnunu!😅

   Liked by 1 person

   1. Oh yes. Appo valuthayal mathi ennayirunnu. Valuthayappol thonunnu childhood ethra simple aayirunnu ennu!
    You’re very welcome. Iniyippo AC graph kaanumbol enikkum anghane thonullu 😃

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s