കൊറോണ കാലത്തെ പിറന്നാള്‍

ലോകമാകെയും വിറങ്ങലിച്ച് നില്‍ക്കുകയാണ് …അത്രയ്ക്കൊന്നും സന്തോഷം തോന്നാത്ത പിറന്നാളാണ്….എങ്കിലും, ഇത്ര കുറിക്കേണ്ടിയിരിക്കുന്നു….

പോയത് ഒരു നല്ല വര്‍ഷമായിരുന്നു….

കറുപ്പും വെളുപ്പും മഴവില്‍ നിറങ്ങളും ഒക്കെ ചേര്‍ത്തു  വരച്ച ഒരു ചിത്രം പോലെ അത് മുന്നില്‍ വന്നു നില്‍ക്കുന്നുണ്ട് .
കണ്ണടച്ചിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍, ഉള്ളു നിറഞ്ഞു ചിരിച്ചതും, ഇടറിയിറങ്ങിയതും, അത്ഭുദം പോലുള്ള ഒരുപാട്  മനുഷ്യരും, കുടു കുടാ പൊട്ടിചിരിക്കുന്ന കൃഷ്ണേന്ദുവും ,   വേരുകള്‍ മണ്ണിനെ കെട്ടിപിടിക്കും പോലെ , അത്രമേല്‍ ആഴത്തില്‍ ചേര്‍ത്ത് പിടിച്ച ഐശ്വര്യേം, ഉറക്ക് പാതി മുറിഞ്ഞ കണ്ണുകളോടെ  പാതിരാത്രി വിളിച്ചു “ഡി..ഫിസിക്സ് പഠിച്ചോഡി” ന്ന് ചോദിക്കുന്ന മാളും, ദി അള്‍ട്ടിമേറ്റ് നിസ്സാരം എക്സ്പ്രഷനും ഇട്ട് എഡി ഡാഗിനീ…ന്ന് വിളിച്ചു കയറി വന്നു സ്നേഹം വാരിക്കോരി തരുന്ന അഞ്ജൂം, തുടങ്ങി പ്രിയപ്പെട്ട കുറെ മനുഷ്യരും …
വെളിച്ചത്തെയും കൂടിയിരിപ്പുകളെയും മാത്രമല്ല …ഇരുട്ടിനെയും ഒറ്റയാകലിനെയും അത്രയധികം സ്നേഹത്തോടെ ഞാന്‍ സ്വീകരിക്കുന്നു എന്ന തിരിച്ചറിവുമാണ്  കഴിഞ്ഞ കാലത്തിന്റെ സമ്പാധ്യമയി ബാക്കിയാവുന്നത്.

പോയ വര്ഷം നീളയുമുള്ള ഓര്‍മ്മകളില്‍ പ്രസംഗവേദികള്‍ മാത്രമേ തെളിയുന്നുള്ളൂ…
മാവേലിക്കര  വച്ച്  മനോരമ നടത്തിയ സംസ്ഥാന തല പ്രസംഗ മത്സരം അക്കൂട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്…അതില്‍ ലഭിച്ച ഒന്നാംസ്ഥാനത്തേക്കാള്‍ സന്തോഷിപ്പിച്ചത് വിധികര്‍ത്താക്കള്‍ ആയിരുന്നു. ശ്രീ അലക്സാണ്ടര്‍ ജേക്കബ്‌ IPS അവര്കളും, ശ്രീ Mohd. ഹനീഫ് IAS അവര്കളും ഉള്‍പെട്ട പാനെലിനു മുന്നില്‍ സംസാരിക്കാന്‍ ലഭിച്ച അവസരത്തെ ഏറ്റവും ആര്‍ദ്രതയോടെ ഞാന്‍ ഓര്‍ത്തെടുക്കുന്നു…..

ആദ്യമായി പ്രസംഗ വേദിയില്‍ കയറിയ അഞ്ചാം ക്ലാസ്സ്കാരി കണ്ട ഏറ്റവും വലിയ സ്വപ്നം ആയിരുന്ന കൊണ്ടാവാം…ഇത്തവണ സംസ്ഥാന
കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിനു ഇരട്ടി മധുരം തോന്നുന്നത്.
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശ്രീ ടി പദ്മനാഭന്‍ സര്‍നെ വീട്ടില്‍ ചെന്ന് കണ്ട,
കഥകളെ കുറിച്ചും, എഴുത്തിനെ കുറിച്ചും ചോദിച്ചും പറഞ്ഞും  ഇരുന്ന,

ആ വൈകുന്നേരം ജീവിതത്തില്‍ ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവുമേറ്റവും സുന്ദരമായതായിരുന്നു….

മത്സരങ്ങളുടെ ഭാഗമായി നടത്തിയതാണെങ്കില്‍ കൂടിയും  ഒരുപാട് നല്ല യാത്രകളുടെ  ഓര്‍മ്മ കൂടെയായിരുന്നു ഈ കഴിഞ്ഞ വര്ഷം…
അങ്ങനെ അങ്ങനെ മഞ്ചാടി മണികള്‍ പോലെ കാത്ത് വച്ച ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞുനില്‍ക്കുന്നുണ്ട് പോയ കാലം.

തണല്‍ തന്ന അധ്യാപകര്‍ക്ക്…
താങ്ങായി നിന്ന സൌഹൃദങ്ങള്‍ക്ക്…
സ്നേഹം….
പ്രപഞ്ചം എത്രത്തോളം വലുതാണ്‌ എന്ന് ചോദിച്ചാല്‍ അച്ഛനോളവും അമ്മയോളവും എന്ന് മാത്രമേ ഉത്തരമുള്ളൂ…
“തളര്‍ന്നുപോകുന്നുവെന്ന്” പറയും മുന്നേ ചിറക് തരുന്നവരോട്
സ്നേഹം കുറിക്കാനുള്ള  വാക്കുകളെനിക്ക് അറിയില്ല….

പിന്നെ, കവിതയുറങ്ങുന്ന  നക്ഷ്ത്രങ്ങളോട്…
മുനിഞ്ഞ് മാത്രമാണ് കത്തുന്നതെങ്കിലും ആ ഇത്തിരി വെട്ടമാണ്
വെളിച്ചമാകെയും തരുന്നത്.

സെന്റ്‌ഓഫിന്റെ അന്ന് ഒരു കൂട്ടുകാരി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു…
“ 65 പേരും 65 അനുഭവങ്ങള്‍ ആയിരുന്നു… ഈ പ്ലസ്‌ ടു കാലം തീരേണ്ടിയിരുന്നില്ല.” ശെരിയാണ്‌ ശില്‍പ്പാ….
ആ 65 ചിരികള്‍ തന്നെയായിരുന്നു ലോകം.
കളിയാക്കിയും,പിണങ്ങിയും,ഇണങ്ങിയും, ചേര്‍ത്ത് പിടിച്ചും, എത്രപെട്ടനാണ് കാലം പോയ്കളഞ്ഞത്!

പിറന്നാള്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് ഒരുപാട് സ്നേഹം…..
എല്ലാം വേഗം ശെരിയാവട്ടെ….
Stay safe all….

15 thoughts on “കൊറോണ കാലത്തെ പിറന്നാള്‍”

Leave a reply to Aswini Sreejith Cancel reply